Monday, June 14, 2010

ചോപ്പമ്മ

ഒരു ഓണം കൂടി വരാൻ പോകുന്നു. ആഹ്ലാദം നിറഞ്ഞ ഒരു ഓണം ഓര്‍മ്മയ്ക്കായി ഒരുപാട് പരതിനോക്കി.ഇല്ല,അങ്ങനെയൊന്ന് ഇല്ലേയില്ല.കുട്ടിയായി ജീവിക്കാന്‍ സാധിക്കാത്ത ബാല്യത്തിന്റെ കടം ഇനി വീട്ടാന്‍ അസാധ്യം.സ്വയം അഭിനേതാവായും കാണിയായും ചിലപ്പോള്‍ സംവിധായികയായും ഒക്കെ മാറിമാറി അരങ്ങിലെത്തുന്ന ഈ അസംബന്ധനാടകത്തിനിടെ മിന്നിമറയുന്ന ഭാവങ്ങളില്‍ സന്തോഷം കുറവുതന്നെ. കരയുമ്പോള്‍ കരച്ചിലായി മാറാനനുവദിക്കാത്ത, ചിരിക്കുമ്പോള്‍ ചിരിയായി മാറാനനുവദിക്കാത്ത, വിശക്കുമ്പോള്‍ വിശപ്പായി മാറാനനുവദിക്കാത്ത ഒരു വിനാശകരമായ നിഴല്‍ എപ്പോഴും കൂടെയുണ്ട്.ജീവിതം എന്നത് ഓര്‍മ്മകളാണ്.മറക്കാനാഗ്രഹിക്കുന്ന ഓര്‍മ്മകളും എത്ര ശ്രമിച്ചാലും പിന്നോട്ട് തിരിയാത്ത ഘടികാരവും ഒപ്പമുള്ളവര്‍ക്ക് ആഘോഷങ്ങൾ എന്നത് കലണ്ടറിലെ ചുവന്ന അക്കങ്ങളല്ലാതെ മറ്റെന്താണ്?
വലുതാവുമ്പോൾ എന്തായിത്തീരുമെന്ന് ഞാൻ ഒരുപാട് ആശങ്കപ്പെട്ടിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽമാത്രം സ്കൂളിൽ പോയിത്തുടങ്ങുകയും ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് തോറ്റുപോയ ഒരുപാട് മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെ- കാണുകയും ചെയ്ത എനിക്ക് പേടിയായിരുന്നു ജീവിതത്തെ.എന്റെ കുടുംബത്തിൽ അച്ഛന്റെ അകന്ന ബന്ധത്തിൽ‌പ്പെട്ട ഒരു അമ്മ ഉണ്ടായിരുന്നു.നന്നെ ചെറുപ്പത്തിൽ ഒരു പ്രേതാലയത്തിലേക്ക് വിവാഹം കഴിച്ച് അയയ്ക്കപ്പെട്ട സ്ത്രീ.ഞാൻ ചോപ്പമ്മ എന്നാണു അവരെ വിളിക്കാ‍റുള്ളത്.ഒരുപാട് മക്കളെ മുലയൂട്ടിയ,ഇടയ്ക്കൊക്കെ മക്കൾ മരിച്ച് മുലപ്പാൽ അനാഥമായി ഉറന്നൊഴുകാറുള്ള ,അവരുടെ തൂങ്ങിക്കിടക്കുന്ന ചുവന്ന മുലകളായിരുന്നു അങ്ങനെ വിളിക്കാൻ എനിക്ക് അബോധപ്രേരണയായത്. കുറെ വൃദ്ധന്മാരും, പ്രേതങ്ങളും, വൃദ്ധനും വാതരോഗിയുമായ ഭർത്താവും ഒക്കെയായി അവർ അ വീട്ടിൽ അഹോരാത്രം പണിയെടുത്തുകൊണ്ടിരുന്നു.ഞാൻ അവരുടെ ഇല്ലത്ത് ഒന്നുരണ്ടുതവണ പോയിട്ടുണ്ട്.അപ്പോഴൊക്കെ അവർ ഒരു വല്യ ആ‍ട്ടമ്മിയുടെ അരികത്തിരുന്ന് അരിയും ഉഴുന്നും ആട്ടിക്കൊണ്ടിരുന്നു.ഈ ചിത്രം എന്റെ ജീവിതത്തെയും ചിന്തകളെയും സ്വാധീനിച്ച ഒരു കേന്ദ്രരൂപകമായി മാറി.
അവരുടെ രൂപത്തിൽ ഞാൻ എന്നെ സങ്കല്പിക്കാൻ തുടങ്ങി.എപ്പോഴും അരിയും ഉഴുന്നും കൂമ്പാരം കൂട്ടി അരയ്ക്കുന്ന , ഒരിക്കലും നിർത്താതെ തിരിയുന്ന ഒരു വലിയ ആട്ടമ്മിയുടെ പിന്നിൽ ഞാൻ...തടിച്ച്,മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, കൺ തടങ്ങളിൽ കറുപ്പുപടർന്ന്,ഇരുട്ടുനിറഞ്ഞ ഒരു മൂലയിലിരുന്ന് അരിയരച്ചുകൊണ്ടേയിരുന്നു.കാതിൽ ചിറ്റിനു പകരം കമ്മലാണെന്നും,കോറയുടെ ഒരു ബ്ലൌസ് ഇട്ടിട്ടുണ്ടെന്നും, അതിനുമേലെ മുഷിഞ്ഞ മഞ്ഞളും അരിമാവും പുരണ്ട ഒരു വേഷ്ടി ചുളുക്കി അശ്രദ്ധമായി വാരി വലിച്ച് ഇട്ടിട്ടുണ്ടെന്നും ഉള്ള വ്യത്യാസം മാത്രം.മുന്നിൽ ഒരോ വർഷം വ്യത്യാസത്തിൽ അഞ്ചാറു കുട്ടികൾ കലപില കൂട്ടി തല്ലുകൂടിക്കൊണ്ടേയിരുന്നു.ഒന്നിന് ഗ്രഹണി പിടിച്ച് വയറുന്തിയിരുന്നു.മറ്റൊന്നിനു കോന്ത്രപ്പല്ല്.വെറൊന്നിനു ആറുവിരൽ.മറ്റൊരുകുട്ടി മൂക്കട്ടയൊലിപ്പിച്ച് അത് തുടയ്ക്കാതെ നടക്കുന്നു...അങ്ങനെ വർഷങ്ങൾ വളരെപ്പെട്ടെന്ന് ഇതേ ആട്ടമ്മിയ്ക്കരികിലൂടെ ഓടിപ്പോവുന്നു.ഞാ‍ൻ മുടി നരച്ച്,കുറെക്കൂടി തടിച്ച്, ദേഷ്യക്കാരിയായി, മക്കൾക്കും മറ്റുള്ളോർക്കും കണ്ടുകൂടാതാ‍യി അരിയരയ്ക്കൽ തുടരുന്നു.അങ്ങനെ , ഒരുനാൾ ,ആട്ടമ്മിയ്ക്കരികിൽ മരിച്ചുവീഴുന്നു.സ്നേഹം, സ്വാതന്ത്ര്യം തുടങ്ങിയ അനാവശ്യപദങ്ങളെക്കുറിച്ച് ഒരിക്കലും ഓർക്കുകയൊ, പറയുകയോ ചെയ്യാതെ...
ഈ ചിത്രം എന്നെ വല്ലാ‍തെ പേടിപ്പിച്ചു.ഞാൻ കേട്ട എതു പ്രേതകഥകളെക്കാളും എന്റെയീ ഭാവിചിത്രം എന്നെ വല്ലാതെ പേടിപ്പിച്ചു.അതിൽനിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ പരമ്പരയായി പിന്നെ.അതാണ് എന്റെ ജീവിതം പിന്നീട് നിർണ്ണയിച്ചത്.

5 comments:

Rare Rose said...

നല്ലയെഴുത്ത്..
ചിലപ്പോള്‍ തോന്നും ജീവിതത്തോട് തിരിഞ്ഞു നിന്നു സമരം ചെയ്യാന്‍ ഇത്തരം ഓര്‍മ്മച്ചിത്രങ്ങള്‍ നല്ലതാണെന്നു..

ലേഖാവിജയ് said...

സങ്കടത്തിന്റെ നേര്‍ക്കാഴ്ചകള്‍... :(
എന്നെങ്കിലും ആ പാവത്തിനു വിശ്രമം കിട്ടിയോ ആവോ?

ശ്രീകുമാര്‍ കരിയാട്‌ said...

murivukal avasaanikkunnilla..
iruttuveena aaattammamaar charithrathinumappuram ninnu ekkaalathum karayukayaaayirikkum.

സുനീത.ടി.വി. said...

റോസ്,ലേഖ,ശ്രീകുമാർജി-നന്ദി.ആരുടെയൊക്കെയോ കരച്ചിൽ എന്നെയും വിടാതെ പിന്തുടരുന്നുണ്ട്...!

sreekumar vilavath said...

എന്റെ കുട്ടികാലത്ത് എഴുപതുകളിലെ ആട്ടമ്മിയും അതാട്ടുന്ന അമ്മമാരും ഓര്‍മ്മയില്‍ നല്ലവണ്ണം ഉണ്ട്.
പക്ഷെ ഒരു കാര്യം. സിറ്റിയില്‍ വീട്ടമ്മയായി, അമ്മൂമ്മയായി, ഫ്ലാറ്റില്‍ കഴിയേണ്ടി വരുന്ന, അല്ലെങ്കില്‍ മക്കള്‍ വിദേശത്ത് പോയി വീട്ടില്‍ ഒറ്റപെട്ടു കഴിയേണ്ടി വരുന്ന സ്ത്രീയുടെ (പുരുഷന്റെയും) കഥയും ദയനീയം തന്നെ. എന്റെ ഇപ്പോഴത്തെ എന്നെ കുറിച്ചുള്ള ഭയവും അതാണ്‌.