Thursday, December 15, 2011

ഞാനും എഴുതുന്നതെന്ത്...?

കവിതാനിർവ്വചനങ്ങളിൽച്ചിലത് കണ്ടിട്ടുണ്ട്.പക്ഷേ അവയിൽ കാണാത്തതും കവിതയിൽ കാണുന്നതുമായ ,വിശദീകരണക്ഷമമല്ലാത്തതും അനുഭവൈകവേദ്യമായതുമായ ചിലതുണ്ട്.ഓരോ ജീവനെയും ചുറ്റിപ്പറ്റി നിൽക്കുന്ന വ്യ ഥകളുടെ ഒരു സവിശേഷലോകത്തോട് വാക്കുകൾ നടത്തുന്ന നേരിടലാണ് അത് .തന്റെ മാത്രം സ്വകാര്യനരകങ്ങളിൽനിന്നും മനുഷ്യാത്മാവ് ഏതോ വിദൂരമായ വെളിച്ചത്തിലേക്ക് ആയുന്നതാണത്. വലിയ തറവാട്ടിൽ, തളം കെട്ടിനിൽക്കുന്ന നിഴലുകൾക്കും അസ്വസ്ഥതകൾക്കും ഇടയിൽ ഒറ്റയ്ക്ക് നടന്നുതീർത്ത വളരെ നീണ്ട വർഷങ്ങളുടെ, അല്ല യുഗങ്ങളുടെ ഓർ മ്മയാണു ബാല്യം. ..അതിനിടയിലെവിടെയോ വെച്ചാണ് ആരും കൂട്ടില്ലാത്തവൾക്ക് ചില വാക്കുകൾ കൂട്ടുവന്നത്..നോട്ടുപുസ്തകങ്ങളുടെ ബാക്കിവന്ന പേജുകൾ കൂട്ടിത്തുന്നിയ പുസ്തകത്തിൽ പെൻസിൽ കൊണ്ട് വടിവില്ലാതെ പിറന്നവ അങ്ങനെ പരുങ്ങിനിന്നു. ഒരു കുഞ്ഞുരഹസ്യലോകമായിരുന്നു അത്.വല്ലപ്പോഴും വരുന്ന വല്യമ്മയായിരുന്നു ഏകവായനക്കാരി.അഗാധമായ കാരുൺയമുള്ള ആ ഒരേയൊരു വായനക്കാരിക്കുവേണ്ടി നോട്ടുബുക്കുകളിലെ ഉരുളൻ അക്ഷരങ്ങൾ മാസങ്ങളോളം അക്ഷമമായി വെളിപ്പെടാൻ കാത്തിരിയ്ക്കുമായിരുന്നു. പുറം ലോകത്തെ മിണ്ടാപ്രാണി പുസ്തകങ്ങളിൽ എന്ത് അത്ഭുതസാഹസികയായിരുന്നു!യഥാർത്ഥത്തേക്കാൾ യാഥാർത്ഥ്യമായിരുന്നു അതിലെ ജീവിതം! ആ കുട്ടി ഇപ്പോഴുമുണ്ട്.ഒരു പതിനൊന്നുകാരിയുടെ അമ്മയായിട്ടും,ഏഴുകൊല്ലം മാധ്യമപ്രവർത്തകയായിട്ടും അവൾ മുതിർന്നില്ല.എഴുത്തിലും ചിന്തയിലും ഒന്നും..കുട്ടികൾക്ക് ക്ലാസെടുത്തിട്ടും ടീച്ചറായില്ല..അവളുടെ നൈമിഷികമായ തോന്നലുകളാണ് ബ്ലോഗിലേക്ക് ചേക്കേറുന്നത്.ബ്ലോഗ് ഇല്ലായിരുന്നെങ്കിൽ ഇവ ഏതെങ്കിലും കടലാസുകഷണങ്ങളിൽ ആരും കാണാതെ ജനിച്ചുമരിച്ചേനെ... ഇന്ന് അങ്ങനെ ഇരിക്കാൻ ഒഴിഞ്ഞ അഗ്രശാലകളില്ല.ജീവിതത്തിന്റെ അർത്ഥമില്ലാത്ത ഓട്ടത്തിനിടയിൽ ഇരിക്കാൻ സമയവുമില്ല.കണ്ണുപൊട്ടിയ്ക്കു കിട്ടിയ വിളക്കു പോലെ,അക്ഷരമറിയാത്തവൾക്ക കിട്ടിയ മഹാഗ്രന്ഥം പോലെ കിട്ടിയ ജീവിതം കണ്ടുള്ള അമ്പരപ്പുമാത്രം ബാക്കി.. യാഥാർത്ഥ്യം ഈ ഒറ്റപ്പെടൽ തന്നെ.കുട്ടികളുടേതുപോലെയൂള്ള പരിചയക്കേടുതന്നെ മനുഷ്യർ ഒറ്റപ്പെട്ട ദ്വീപുകളാണ്.ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എത്ര സഞ്ചരിച്ചാലും എത്തിച്ചേരാനാവില്ല.പ്രണയം തോല് വി ഉറപ്പായ ഒരു കളിയാണ്.ആ ദൈവികമായ കളി കളിച്ച് ജയിക്കാൻ മാത്രം വലിയവരല്ല നാം ദുർബലരായ പാവം മനുഷ്യർ.ഒറ്റപ്പെടലിൽ നിന്ന് രക്ഷനേടാൻ നാം നടത്തുന്ന ഓരോ ശ്രമങ്ങളും നമ്മെ കൂടുതൽ ഒറ്റയ്ക്കാക്കും.എഴുത്തും അത്തരം ഒരു ശ്രമം തന്നെയാണ്.യാതൊരുവിധ അവകാശവാദങ്ങളുമില്ലാതെ,ചമയങ്ങളില്ലാതെ , നിറം മങ്ങിയ ഉടുപ്പിട്ട് ബഹളം നിറഞ്ഞ വേദിക്കരികെ തനിച്ച് നിൽക്കുന്നു ഈ കുട്ടിയും അവളുടെ നോട്ടുബൂക്കിലെ വടിവില്ലാത്ത ചില കവിതകളും...