Thursday, December 18, 2008

അവര്‍ ജീവിതത്തിന്റെ ഉത്സവത്തില്‍ പങ്കു ചേരട്ടെ

[ മക്കളെ സ്നേഹിക്കാന്‍ സമയം കണ്ടെത്തുന്ന, അവരോട് സുഹൃത്തുക്കളെന്നവണ്ണം സംസാരിക്കുന്ന, പക്വതയുള്ള മാതാപിതാക്കള്‍ എന്നോട് ക്ഷമിക്കുക. ഈ ലേഖനം നിങ്ങള്‍ക്കുള്ളതല്ല. നിങ്ങള്‍ക്ക് എന്റെ ക്യതജ്ഞതാഭരിതമായ നമസ്കാരം.]

എട്ടൊമ്പതുകൊല്ലം നീണ്ട ഒരു മാധ്യമപ്രവര്‍ത്തക ജന്മം കഴിഞ്ഞ്, അധ്യാപക ജന്മത്തിലേക്ക് പ്രവേശിച്ചപ്പോള്‍, ഒരുപാടു കൌതുകങ്ങളായിരുന്നു. വന്നെത്തിയ കേരളത്തിലെ ഏറ്റവും മനോഹരമായ കാമ്പസുകളിലൊന്നില്‍, നൂറേക്കറോളം വരുന്ന കുന്നിന്‍പുറത്ത്, ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ക്കിടയില്‍ - ഇവിടെ എങ്ങനെയായിരിക്കും ജീവിതം ജീവിക്കപ്പെടുന്നത്? ക്യാമ്പസിലെ ക്വാര്‍ട്ടേഴ്സില്‍ താമസം കൂടിയായപ്പോള്‍, പകല്‍ ഉത്സാഹത്തിമിര്‍പ്പിലാകുന്ന ഇടങ്ങളിലൂടെ, പല പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നടക്കുമ്പോള്‍ തോന്നാറുള്ള ഒരു ചോദ്യമുണ്ട്. എന്താണ് ഈ കാമ്പസിന്റെ സൌന്ദര്യം ഇത്ര വര്‍ദ്ധിപ്പിക്കുന്ന ഘടകം? ആല്‍മരച്ചോട്ടിലെ ബുദ്ധന്‍ സാക്ഷിയാവുന്ന ഉത്സവമാണത്. കൌതുകം നിറഞ്ഞ കണ്ണുകള്‍; ഉത്സാഹം നിറഞ്ഞ മുഖങ്ങള്‍; പരിഭവവും സ്നേഹവും പ്രണയവും പങ്കുവെയ്ക്കപ്പെടുന്ന നിമിഷങ്ങള്‍; ഇതിനിടയില്‍ വഴക്കുകള്‍, സമരങ്ങള്‍, അടിപിടികള്‍.. ഓരോ വര്‍ഷവും ഉണ്ടാകുന്ന പുതിയ താരോദയങ്ങള്‍; ക്ലാസ് മുറികളില്‍, പരീക്ഷാ ഹാളുകളില്‍, ലൈബ്രറികളില്‍ ഒക്കെ നിറഞ്ഞു കവിയുന്ന യൌവനത്തിന്റെ ചൈതന്യം....... അതെ ജീവിതത്തിന്റെ ഉത്സവമാണിത്.

ഇതിനിടയിലെയോ മാറിനില്‍ക്കുന്ന വിളറിയ മുഖങ്ങള്‍, ഉത്സാഹം വറ്റിയ കണ്ണുകള്‍ -- ഇവരെ ഈ ഉത്സവത്തില്‍ നിന്നും പറിച്ചുമാറ്റിയതാരാണ്? എന്താണ് നമ്മുടെ ക്യാമ്പസുകളിലെ കുട്ടികളനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം? പ്രണയമോ, പ്രണയരാഹിത്യമോ, അരാഷ്ട്രീയവല്‍ക്കരണമോ, ഉപഭോഗത്യഷ്ണയോ ഒക്കെയായിരിക്കാം എന്നാണ് മുന്‍ കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങള്‍.

പക്ഷെ അതിനുമപ്പുറത്ത്, പല സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നും ലഭിക്കുന്ന ഉത്തരങ്ങള്‍ അധികവും മറ്റു പ്രധാന പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു - കുടുംബ പ്രശ്നങ്ങള്‍. പരസ്പരം പോരടിക്കുന്ന, പരസ്പരം വെറുക്കുന്ന കുടുംബങ്ങളാണ് കുട്ടികളെ ഏറ്റവും വിഷമിപ്പിക്കുന്നത്. (അതിനു കാരണം സാമ്പത്തികമോ ലിംഗവിവേചനപരമോ സാമൂഹികമോ ഒക്കെയാവാം) അതില്‍ തന്നെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്കാണ്. അമ്മയെ മര്‍ദ്ദിക്കുന്ന, മദ്യപാനിയായ അച്ഛന്‍; ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടനുഭവിക്കുന്ന അമ്മയെ, അതിനു പരിഹാരം കാണാതെ, നിര്‍ബന്ധിത ലൈംഗിക വേഴ്ചക്ക് അച്ഛന്‍ വിധേയയാക്കുന്നത് തിരിച്ചറിയുന്ന മക്കള്‍; ദേഷ്യം നിയന്ത്രിക്കാനാവാതെ വീട്ടുസാധനങ്ങള്‍ വലിച്ചെറിയുകയും, വായില്‍ വരുന്നത് പരിസരം നോക്കാതെ വിളിച്ചുപറയുകയും ചെയ്യുന്ന രക്ഷിതാക്കള്‍, വീട്ടുചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന സാധുവായ അച്ഛനെ നിരന്തരം സംശയിച്ച് വഴക്കുണ്ടാക്കുന്ന അമ്മ, അനുദിനം പെരുകുന്ന കടം കാരണം ആത്മഹത്യക്കു തയ്യാറെടുക്കുന്ന കുടുംബം, അമ്മയെ വിട്ട് രഹസ്യബന്ധം സ്ഥാപിച്ച അച്ഛന്‍ ‍, കൂട്ടുകുടുംബങ്ങളിലെ വലിയ വഴക്കുകള്‍, മാനസികരോഗികളായ അച്ഛനോ അമ്മയോ, രക്ഷിതാക്കളിലൊരാള്‍ ആത്മഹത്യ ചെയ്ത കുടുംബങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഭയത്തിന്റെ നിഴലില്‍ കഴിയുന്നവര്‍...

ഇവിടെയൊക്കെ ആശ്രയമറ്റുപോകുന്ന പാവം കുട്ടികള്‍. അച്ഛനും അമ്മയും കുടുംബാംഗങ്ങളും സകലശക്തിയുമെടുത്ത് പോരാടുമ്പോള്‍, അതിനിടയില്‍ മറ്റെല്ലാം മറക്കുമ്പോള്‍, കുട്ടികള്‍ എങ്ങോട്ടാണ് പോവുക? ആരാണവര്‍ക്കൊരാശ്രയം നല്‍കുക? ജോലിയില്‍ നിന്നു വിരമിച്ച അമ്മക്ക് രഹസ്യക്കാരനുണ്ടെന്നു പറഞ്ഞ് അച്ഛന്‍ മര്‍ദ്ദിക്കുന്നത് കണ്ട് ഭയന്നു വിറച്ച്, പരീക്ഷകളില്‍ നിരന്തരം തോറ്റ്, ജീവിതത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറെടുക്കുന്ന കുട്ടി ഒരു കടംകഥയല്ല.

നമുക്ക് -- അച്ഛനമ്മമാര്‍ക്ക് -- എന്താണ് സംഭവിക്കുന്നത്? മക്കള്‍ക്ക് ജീവിക്കാനാവാത്ത അഗ്നിപര്‍വതങ്ങളാക്കി വീടുകളെ പരിവര്‍ത്തിപ്പിച്ചതില്‍ നാം ഉത്തരവാദികളല്ലെ? അവരോടൊന്നു സംസാരിക്കാന്‍ പറ്റാത്തവിധം, അവരുടെ ഉള്ളിലെന്താണെന്നു മനസിലാക്കാനാവാത്ത വിധം, നാം സ്വന്തം മക്കളില്‍ നിന്ന് അകന്നു പോയതെങ്ങനെ? നമ്മുടെ മക്കളായി ജനിച്ചുപോയി എന്ന കുറ്റത്തിന് ഇത്ര വലിയ ശിക്ഷ ഈ കുഞ്ഞുങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ?

ഈ ലേഖനം വായിക്കാനിടവരുന്ന അച്ഛനമ്മമാര്‍ -- പ്രത്യേകിച്ചും കൌമാരപ്രായക്കാരുടെ -- ഒരു കാര്യം ദയവു ചെയ്ത് മനസിലാക്കുക. നിങ്ങളുടെ കുട്ടികള്‍ നിങ്ങളെ വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളുടെ വലുതും ചെറുതുമായ പ്രവര്‍ത്തികള്‍ അവരെ വളരെ അധികം ബാധിക്കുന്നുണ്ട്. നിങ്ങള്‍ നല്‍കാതെ പോയ സ്നേഹവും പരിഗണനയും അവര്‍ എവിടെയൊക്കെയോ ചെന്നു യാചിക്കുന്നുണ്ട്. സഹായത്തിനായി ആരുടെയൊക്കെയോ നേരെ കൈ നീട്ടുന്നുണ്ട്. അത്തരം ശ്രമങ്ങള്‍, ചിലപ്പോഴെങ്കിലും അവരെ ദുരന്തത്തിലേക്ക് തള്ളിയിടുന്നുണ്ട്, മറ്റു ചിലപ്പോള്‍ ജീവിതം അവസാ‍നിപ്പിക്കാനുള്ള ശ്രമങ്ങളിലേക്കും.

കഥകള്‍ പറയുക വയ്യ. കണ്ണീരില്‍ കുതിര്‍ന്ന് വാക്കുകള്‍ കിട്ടാതെ അവര്‍ പറഞ്ഞ കഥകളിലെ മഹാസങ്കടങ്ങല്‍ ആവിഷ്കരിക്കാന്‍ എനിക്കു ഭാഷയില്ല. ജീവിക്കാനുള്ള കാരണങ്ങള്‍ തിരയുന്ന സാധുക്കളായ നമ്മുടെ മക്കള്‍!! ഇവരുടെ മുഖം ആദ്യമായി കണ്ടപ്പോള്‍, ആദ്യമായി ഇവര്‍ പിച്ചവെച്ചപ്പോള്‍ നാമനുഭവിച്ച ആനന്ദം ഓര്‍ത്തുനോക്കുക. അതേ കുട്ടികളാണിവര്‍. സ്നേഹസ്പര്‍ശനങ്ങള്‍ കൊതിക്കുന്ന നമ്മുടെ പോന്നോമന മക്കള്‍. അവരെ സ്വീകരിക്കുക, അവര്‍ക്കായി നാം നമ്മുടെ അര്‍ത്ഥമില്ലാത്ത വഴക്കുകള്‍ നിര്‍ത്തിവയ്ക്കുക. ഇനി, അതു സാധ്യമല്ലാത്തത്ര ഗൌരവതരമാണ് പ്രശ്നങ്ങള്‍ എങ്കില്‍, നിങ്ങള്‍ താല്‍ക്കാലികമായോ നിയമപരമായോ പിരിഞ്ഞു താമസിക്കുക. അപ്പോഴും, നിങ്ങളുടെ കുട്ടിയെ വന്നു അന്വേഷിക്കാനും നിങ്ങളുടെ പങ്ക് സ്നേഹലാളനങ്ങള്‍ അതിനു നല്‍കാനും, തങ്ങളുടെ തെറ്റുകള്‍ക്ക് കുട്ടികളെ ശിക്ഷിക്കാതിരിക്കാനുമുള്ള മാനസിക വലിപ്പം കാണിക്കുക. നാല്പതുകള്‍ പിന്നിട്ട നാം അതിനുള്ള പക്വത ആര്‍ജ്ജിച്ചില്ലെങ്കില്‍, പിന്നെ ജീവിതത്തില്‍ എന്നാണ് നാം മുതിരുക?

കുട്ടികള്‍ക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട, അമൂല്യ നിധികളായ അച്ഛനമ്മമാരായി നിങ്ങള്‍ നിങ്ങളെ തിരിച്ചു നല്‍കുക. നിങ്ങളുടെ മടിയില്‍ കിടന്ന് അവര്‍ മനസ്സു തുറക്കട്ടെ. പിന്നെ അവര്‍ ജീവിതത്തിന്റെ ഉത്സവത്തില്‍ പങ്കു ചേരട്ടെ............

http://www.nattupacha.com/content.php?id=127

Sunday, December 14, 2008

ബ്ലോഗുകള്‍ - രാഷ്ട്രീയ,സാമൂഹ്യമാധ്യമം എന്ന നിലയില്‍

ഗതാഗതവിപ്ലവം,മാധ്യമവിപ്ലവം,ലഘൂകരണവിപ്ലവം എനിവയാണ് 20-ആം നൂറ്റാണ്ടിനെ മാറ്റിമറിച്ച പ്രധാനസംഭവങ്ങള്‍.എണ്‍പതുകള്‍ മുതല്‍ വ്യവസായികോല്പാദനത്തെ പുറന്തള്ളിക്കൊണ്ട് വിവരങ്ങളുടെ ഉത്പാദനത്തില്‍ കേന്ദ്രീകരിക്കുന്ന പുതിയൊരു സമ്പദ് വ്യവസ്ഥ നിലവില്‍ വന്നു.ഇത് സൃഷ്ടിച്ച പുതിയ സമൂഹത്തെ സ്പാനിഷ് ചിന്തകനായ മാന്വെല്‍ കാസ്റ്റില്‍ സ് , 'നെറ്റ്വര്‍ക്ക് സൊസൈറ്റി' എന്നാണ് വിശേഷിപ്പിക്കുന്നത്.ഈ സമൂഹത്തിലെ ആഗോളപൌരന്മാരും അതിനു പുറത്തുള്ളവരും തമ്മില്‍ ഉള്ള അന്തരം അചിന്തനീയമാംവിധം വലുതാണ്.
ഈ സാഹചര്യത്തിലാണ് ആഗോളവത്കരണത്തിന്റെ കെടുതികള്‍ക്കെതിരെ നവമാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു സമാന്തരപ്രതിരോധനിര സൃഷ്ടിക്കാന്‍ ആക്റ്റിവിസ്റ്റുകള്‍ ശ്രമിക്കുന്നത്.ഇ-ആക്റ്റിവിസം, സിറ്റിസണ്‍ ജേണലിസം,പങ്കാളിത്തമാധ്യമപ്രവര്‍‍ത്തനം എന്നിവയ്ക്കൊക്കെ മുമ്പില്ലാത്തവിധം പ്രസക്തിയും പ്രചാരവും കൈവന്നത് അങ്ങനെയാണ്. പങ്കാളിത്ത മാധ്യമപ്രവര്‍ത്തനമേഖലയിലെ വിപ്ലവമാണ് ബ്ലോഗുകള്‍ . 2007 ഡിസംബറില്‍ ടെക്നോരതി 112 മില്യണിലധികം ബ്ലോഗുകളെ ട്രാക്ക് ചെയ്തു. വീഡിയോയും ശബ്ദവും ചിത്രങ്ങളും ഒക്കെ ബ്ലോഗില്‍ ഉള്‍ച്ചേര്‍ക്കാമെന്നുവന്നതോടെ അതിശയകരമായ സാധ്യതകളുള്ള ഒരു വ്യക്തിഗതമാധ്യമമേഖലയായി വി മീഡിയ പരിണമിച്ചു. കഴിവും ഊര്‍ജ്ജവുമുള്ള ഏതൊരാള്‍ക്കും സ്വന്തം ശബ്ദം ലോകത്തിനുമുന്നില്‍ കേള്‍പ്പിക്കാനുള്ള സാധ്യത ഇതു നല്‍കി.
രാഷ്ട്രീയബ്ലോഗുകള്‍ വിവിധരാജ്യങ്ങളില്‍ ചെലുത്തുന്ന സ്വാധീനം നിര്‍ണ്ണായകമാണ്.പല രാജ്യങ്ങളും രാഷ്ട്രീയമായി സമാനസ്വഭാവം പുലര്‍തുന്ന ബ്ലോഗുകളുടെ സമൂഹങ്ങളുണ്ടാക്കിയും കര്‍ശനമായ സെന്‍സര്‍ഷിപ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയും ഒക്കെ ഇവയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. എത്ര നന്നായി ബ്ലോഗ് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാവും ഭാവിയിലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുകയെന്നുവരെ നിരീക്ഷിക്കപ്പെടുകയുണ്ടായി.. പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീവാദം തുടങ്ങിയ മേഖലകളിലെല്ലാം തന്നെ ബോധവത്കരണം , സംഘാടനം , പ്രവര്‍ത്തനം എന്നീ തലങ്ങളിലെല്ലാം ബ്ലോഗുകള്‍ ആക്റ്റിവിസത്തെ ത്വരിതപ്പെടുത്തുന്നു.
ഏതാണ്ട് 5 വര്‍ഷത്തെ ചരിത്രം മാത്രം അവകാശപ്പെടാനുള്ള മലയാളം ബ്ലോഗിങും വലിയ വളര്‍ച്ചയുടെ കഥയാണ് പറയുന്നത്.എന്നാല്‍ മലയാളത്തോട് വൈകാരികബന്ധം സൂക്ഷിക്കാനും, ആത്മാവിഷ്കാരത്തിനുമൊക്കെയാണ് മലയാളി അധികവും ബ്ലോഗെഴുതുന്നത്. സാഹിത്യവും ആത്മാംശം കലര്‍ന്ന നര്‍മ്മലേഖനങ്ങളും ഒക്കെയാണ് ബൂലോകത്ത് അധികം കാണാനാവുന്നത്.കേരളത്തിന്റെ ബൌദ്ധികജീവിതത്തെ നിര്‍ണ്ണയിക്കാന്‍ കെല്പുള്ള , ശക്തമായ സാമൂഹിക – രാഷ്ട്രീയ ബ്ലോഗുകള്‍ ഇനി പിറക്കാനിരിക്കുന്നതേ ഉള്ളൂ.

Friday, December 12, 2008

ഭര്‍ത്തൃശുശ്രൂഷ

“ഭര്‍ത്താവിനെ ശുശ്രൂഷിക്കല്‍ ഞങ്ങളുടെ കടമയാണ്“- ഒരു വിദ്യാര്‍ത്ഥിനി ക്ലാസില്‍നിന്ന് എണീറ്റുനിന്ന് ഇങ്ങനെ സംശയലേശമെന്യേ പ്രഖ്യാപിച്ചപ്പോള്‍ കെ സരസ്വതിയമ്മ പതിറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്ന് പരിഹാസത്തോടെ ചിരിക്കുന്നു‌ -“അയാളെന്താ വല്ല മാ‍റാരോഗവും പിടിച്ച് കിടപ്പിലാ‍ണോ?“ പുറപ്പെട്ടേടത്താണോ ഒരായിരം കാതം നടന്നിട്ടും? അതോ പിന്നോട്ടാണോ ഈ കുട്ടികള്‍ നടക്കുന്നത്?‌

Friday, June 13, 2008

മണല്‍ത്തരി

മഴ പെയ്തുതോര്‍ന്നപ്പോള്‍,എത്രയോ കാലമായി തുടര്‍ന്ന ഓട്ടം ഒന്നു നിര്‍ത്തിയപ്പോള്‍,ചുറ്റുമുള്ള ബഹളങ്ങളൊക്കെ ഒന്നടങ്ങിയപ്പോള്‍-ഇപ്പോഴാണ് ശബ്ദങ്ങളും തിരക്കും ഒക്കെക്കൊണ്ട് മറഞ്ഞിരുന്ന ഉള്ളിലെ ശൂന്യത വെളിപ്പെട്ടത്!ഇത്ര കാലവും അണിഞ്ഞിരുന്ന വേഷങ്ങളും ,പറഞ്ഞിരുന്ന അര്‍ഥമില്ലാത്ത വാക്കുകളും ഒക്കെ എന്നില്‍നിന്ന് വേര്‍പെട്ട് ദൂരെ മറയുന്നു.ഞാന്‍ ഒരു വലിയ ഇല്ലായ്മയായി സ്വയം തിരിച്ചറിയുന്നു.കൂര്‍ത്ത അറ്റങ്ങളുള്ള ഒരു പാറക്കഷ്ണം ,കാലത്തിലൂടെ സഞ്ചരിച്ച്,ഒടുവില്‍ ഒരു മണല്‍ത്തരിയായി കടലില്‍ വിലയം പ്രാപിക്കുന്നതുപോലെ...

Saturday, June 07, 2008

നിഴലുകള്‍

സങ്കടങ്ങളെ ആകഷിച്ചുപിടിക്കുന്ന ഒരു കാന്തം എന്റെയുള്ളിലുണ്ട്.നിഴലുകളാടുന്ന കിഴക്കിനിയിലെ ഇരുട്ടില്‍ നിന്നോ,അമ്മയുടെ ഞരമ്പുകള്‍ എഴുന്നുനില്‍ക്കുന്ന കാലുകള്‍ നീട്ടിയിരുന്നുള്ള ഭാഗവതം വായനയില്‍ നിന്നോ, ദൈവങ്ങള്‍ ഉറങ്ങുന്ന പള്ളിയറയിലെ ഗന്ധത്തില്‍നിന്നോ,അഗ്രശാലയുടെ അവശിഷ്ടനിഗൂഢതകളില്‍ നിന്നോ ,എവിടെ നിന്നാണെന്നറിയില്ല,ഇത് എന്റെയുള്ളില്‍ കുടിയേറിയത്.കര്‍ക്കശക്കാരായ ,സമര്‍ഥരായ മനുഷ്യരുടെയിടയിലൂടെ ഞാന്‍ എന്റെ പിഞ്ഞിപ്പോയ മനസ്സും പൊത്തിപ്പിടിച്ച് നടക്കുന്നു...

Friday, June 06, 2008

ശൂന്യത

എല്ലാ ആളുകളുടെയുള്ളിലും ഒരു ശൂന്യതയുണ്ട്.സ്നേഹം കൊണ്ടും, പണം കൊണ്ടും, പ്രശസ്തി കൊണ്ടും ഭൌതികനേട്ടങ്ങള്‍ കൊണ്ടും ഒക്കെ അതിനെ ഇല്ലായ്മ ചെയ്യാന്‍ നാം പരിശ്രമിക്കുന്നു.എന്നാല്‍ പിന്നെയും ആ വേദനിപ്പിക്കുന്ന ശൂന്യത ബാക്കിയാവുന്നു.ഒരു പക്ഷേ സര്‍ഗ്ഗാത്മകത കൊണ്ടോ ,ധ്യാനം കൊണ്ടോ നാം സ്വസ്ഥരായേക്കാം.

Thursday, June 05, 2008

ഇങ്ങനെയൊക്കെ...

എല്ലാര്‍ക്കും ഇനിയുമിനിയും ജീവിക്കാന്‍ ,ജീവിതം ആസ്വദിക്കാന്‍ ആഗ്രഹമുണ്ടെന്നു കാണുമ്പോള്‍ എനിക്ക് അതിശയം തോന്നാറുണ്ട്.ഇനിയും എത്രയോ നീണ്ട വര്‍ഷങ്ങള്‍ ബാക്കി കിടക്കുന്നല്ലൊ എന്നോര്‍ത്ത് എനിക്ക് പേടിയാണ് തോന്നാറ്.ചെറുതും വലുതുമായ ജയങ്ങള്‍ക്ക് വേണ്ടി അഹോരാത്രം പണിപ്പെട്ട്,ഒടുവില്‍ ജയിച്ചോ തോറ്റോ എന്ന് തിരിച്ചറിയാന്‍ പറ്റാതെ ബാക്കിയാവുന്ന ഒരു തമാശക്കളിയാണ് നാം കളിക്കുന്നത്.നേടുമ്പോള്‍ തൊട്ട് മാറ്റുകുറഞ്ഞ് വേണ്ടാതാവുന്ന വസ്തുക്കള്‍,പൊടുന്നനെ അപ്രത്യക്ഷമാകുന്ന സ്നേഹം,നിശ്ചലമായ കാലം,പരസ്പരം ഒരിക്കലും മനസ്സിലാക്കാത്തവര്‍,ആവര്‍ത്തിക്കുന്ന , മടുപ്പിക്കുന്ന നൂറായിരം കാര്യങ്ങള്‍-ജീവിതം സുന്ദരമാണെന്ന് ആരേ പറഞ്ഞ് നമ്മളെയൊക്കെ പറ്റിച്ചത്?

Saturday, May 31, 2008

അത്ഭുതങ്ങള്‍

കുട്ടിയായിരിക്കുമ്പോള്‍,വിരസമായ ദിനങ്ങളുടെ ഉച്ചകളില്‍,എന്തെങ്കിലും അത്ഭുതങ്ങളുമായി പോസ്റ്റ്മാന്‍ പടി കടന്നുവരുമെന്നു കരുതി കാത്തിരിക്കാറുണ്ടായിരുന്നു.പിന്നെ അത്ഭുതങ്ങള്‍ , പുസ്തകങ്ങളുടെ രൂപത്തില്‍ അവതരിച്ചുതുടങ്ങി.പിന്നെ,മനുഷ്യര്‍..പലതരം മനുഷ്യര്‍...വലിപ്പം കൊണ്ടും ചെറുപ്പം കൊണ്ടും ധൈര്യം കൊണ്ടും നന്മ കൊണ്ടും സ്നേഹം കൊണ്ടും അത്ഭുതപ്പെടുത്തിയവര്‍ എത്ര...!സ്നേഹത്തിന്റെ വിചിത്രമായ വഴികള്‍...പൊടുന്നനെ വറ്റിപ്പോകുന്ന നദികള്‍ , മറ്റെവിടെയോ എപ്പോഴോ പുനര്‍ജ്ജനിക്കുന്നു...

Thursday, May 29, 2008

കിറുക്ക്

ഇവിടെ ഞാന്‍ താമസിക്കുന്നിടത്ത് നൂറ് ഏക്കറോളം വരുന്ന കാമ്പസില്‍ സന്ധ്യയായാല്‍ ഏകാന്തതയുടെ വിളയാട്ടമാണ്.വല്ലാതെ പിടിച്ചടുപ്പിക്കുകയുമൊപ്പം പേടിപ്പിക്കുകയും ചെയ്യുന്ന എന്തോ ഒന്ന് ഇവിടെയുണ്ട്.അങ്ങിങ്ങ് ചില വെളിച്ചത്തുള്ളികള്‍...അവിടവിടെ ഞാനുള്‍പ്പെടെയുള്ള ചില മൂകജീവികള്‍...മനോഹരമായ പ്രഭാതങ്ങള്‍ക്കും പ്രദോഷങ്ങള്‍ക്കും ഇടയില്‍ അത്ര മനോഹരമല്ലാത്ത ദിവസങ്ങള്‍...