Sunday, December 14, 2008

ബ്ലോഗുകള്‍ - രാഷ്ട്രീയ,സാമൂഹ്യമാധ്യമം എന്ന നിലയില്‍

ഗതാഗതവിപ്ലവം,മാധ്യമവിപ്ലവം,ലഘൂകരണവിപ്ലവം എനിവയാണ് 20-ആം നൂറ്റാണ്ടിനെ മാറ്റിമറിച്ച പ്രധാനസംഭവങ്ങള്‍.എണ്‍പതുകള്‍ മുതല്‍ വ്യവസായികോല്പാദനത്തെ പുറന്തള്ളിക്കൊണ്ട് വിവരങ്ങളുടെ ഉത്പാദനത്തില്‍ കേന്ദ്രീകരിക്കുന്ന പുതിയൊരു സമ്പദ് വ്യവസ്ഥ നിലവില്‍ വന്നു.ഇത് സൃഷ്ടിച്ച പുതിയ സമൂഹത്തെ സ്പാനിഷ് ചിന്തകനായ മാന്വെല്‍ കാസ്റ്റില്‍ സ് , 'നെറ്റ്വര്‍ക്ക് സൊസൈറ്റി' എന്നാണ് വിശേഷിപ്പിക്കുന്നത്.ഈ സമൂഹത്തിലെ ആഗോളപൌരന്മാരും അതിനു പുറത്തുള്ളവരും തമ്മില്‍ ഉള്ള അന്തരം അചിന്തനീയമാംവിധം വലുതാണ്.
ഈ സാഹചര്യത്തിലാണ് ആഗോളവത്കരണത്തിന്റെ കെടുതികള്‍ക്കെതിരെ നവമാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു സമാന്തരപ്രതിരോധനിര സൃഷ്ടിക്കാന്‍ ആക്റ്റിവിസ്റ്റുകള്‍ ശ്രമിക്കുന്നത്.ഇ-ആക്റ്റിവിസം, സിറ്റിസണ്‍ ജേണലിസം,പങ്കാളിത്തമാധ്യമപ്രവര്‍‍ത്തനം എന്നിവയ്ക്കൊക്കെ മുമ്പില്ലാത്തവിധം പ്രസക്തിയും പ്രചാരവും കൈവന്നത് അങ്ങനെയാണ്. പങ്കാളിത്ത മാധ്യമപ്രവര്‍ത്തനമേഖലയിലെ വിപ്ലവമാണ് ബ്ലോഗുകള്‍ . 2007 ഡിസംബറില്‍ ടെക്നോരതി 112 മില്യണിലധികം ബ്ലോഗുകളെ ട്രാക്ക് ചെയ്തു. വീഡിയോയും ശബ്ദവും ചിത്രങ്ങളും ഒക്കെ ബ്ലോഗില്‍ ഉള്‍ച്ചേര്‍ക്കാമെന്നുവന്നതോടെ അതിശയകരമായ സാധ്യതകളുള്ള ഒരു വ്യക്തിഗതമാധ്യമമേഖലയായി വി മീഡിയ പരിണമിച്ചു. കഴിവും ഊര്‍ജ്ജവുമുള്ള ഏതൊരാള്‍ക്കും സ്വന്തം ശബ്ദം ലോകത്തിനുമുന്നില്‍ കേള്‍പ്പിക്കാനുള്ള സാധ്യത ഇതു നല്‍കി.
രാഷ്ട്രീയബ്ലോഗുകള്‍ വിവിധരാജ്യങ്ങളില്‍ ചെലുത്തുന്ന സ്വാധീനം നിര്‍ണ്ണായകമാണ്.പല രാജ്യങ്ങളും രാഷ്ട്രീയമായി സമാനസ്വഭാവം പുലര്‍തുന്ന ബ്ലോഗുകളുടെ സമൂഹങ്ങളുണ്ടാക്കിയും കര്‍ശനമായ സെന്‍സര്‍ഷിപ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയും ഒക്കെ ഇവയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. എത്ര നന്നായി ബ്ലോഗ് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാവും ഭാവിയിലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുകയെന്നുവരെ നിരീക്ഷിക്കപ്പെടുകയുണ്ടായി.. പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീവാദം തുടങ്ങിയ മേഖലകളിലെല്ലാം തന്നെ ബോധവത്കരണം , സംഘാടനം , പ്രവര്‍ത്തനം എന്നീ തലങ്ങളിലെല്ലാം ബ്ലോഗുകള്‍ ആക്റ്റിവിസത്തെ ത്വരിതപ്പെടുത്തുന്നു.
ഏതാണ്ട് 5 വര്‍ഷത്തെ ചരിത്രം മാത്രം അവകാശപ്പെടാനുള്ള മലയാളം ബ്ലോഗിങും വലിയ വളര്‍ച്ചയുടെ കഥയാണ് പറയുന്നത്.എന്നാല്‍ മലയാളത്തോട് വൈകാരികബന്ധം സൂക്ഷിക്കാനും, ആത്മാവിഷ്കാരത്തിനുമൊക്കെയാണ് മലയാളി അധികവും ബ്ലോഗെഴുതുന്നത്. സാഹിത്യവും ആത്മാംശം കലര്‍ന്ന നര്‍മ്മലേഖനങ്ങളും ഒക്കെയാണ് ബൂലോകത്ത് അധികം കാണാനാവുന്നത്.കേരളത്തിന്റെ ബൌദ്ധികജീവിതത്തെ നിര്‍ണ്ണയിക്കാന്‍ കെല്പുള്ള , ശക്തമായ സാമൂഹിക – രാഷ്ട്രീയ ബ്ലോഗുകള്‍ ഇനി പിറക്കാനിരിക്കുന്നതേ ഉള്ളൂ.

3 comments:

paarppidam said...

ഉച്ചക്കിറുക്കിപ്പോൾ മഴ്യായി പെയ്യുവാൻ തുടങ്ങി അല്ലെ? ഈ കുറിപ്പ് വളരെ പ്രസക്തമാണ്.ശക്ത്മാ‍യ രാഷ്ടീയ നിരീക്ഷണങ്ങളും സിനിമ,സാംസ്കാരിക,സ്ത്രീ-ടെക്നോളജി എന്നിവയിൽ ഒക്കെ ഇപ്പോളും നല്ല ബ്ലോഗ്ഗുകൾ ഉണ്ടെന്ന് പറയാത്റ്റ്hവയ്യ.നല്ല യാത്രാകുറിപ്പുക്കളും ഉണ്ട്.ബ്ലോഗ്ഗുകൾ പുസ്തകങ്ങ്gൾ ആക്കപ്പെടുന്നു ഇപ്പോൾ ഇതാ ഒരു ടെലിഫിലിമും ആകുന്നു.

ദൌർഭാഗ്യവശാൽ ഇന്ന് മലയാളം ബ്ലോഗ്ഗിങ്ങിൽ വർഗ്ഗീയത കടന്നുകൂടിയിരിക്കുന്നു എന്നതും ചൂണ്ടികാണിക്കാതിരിക്കുവാൻ വയ്യ.

താങ്കൾ പറയുന്നതുപോലെ ഇനിയും മികക്ച്ചവ വരാൻ ഇരിക്കുന്നേ ഉള്ളൂ.

സുനീത.ടി.വി. said...

"ബ്ലോഗുകള്‍ - രാഷ്ട്രീയ,സാമൂഹ്യമാധ്യമം എന്ന നിലയില്‍

Anonymous said...

മലയാളം ബ്ലോഗുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കാണാനില്ല എന്ന്ത് ഒരു ആത്മവിമര്‍ശനമായി നാം എടുക്കേണ്ടതുണ്ട്