Monday, June 14, 2010

ചോപ്പമ്മ

ഒരു ഓണം കൂടി വരാൻ പോകുന്നു. ആഹ്ലാദം നിറഞ്ഞ ഒരു ഓണം ഓര്‍മ്മയ്ക്കായി ഒരുപാട് പരതിനോക്കി.ഇല്ല,അങ്ങനെയൊന്ന് ഇല്ലേയില്ല.കുട്ടിയായി ജീവിക്കാന്‍ സാധിക്കാത്ത ബാല്യത്തിന്റെ കടം ഇനി വീട്ടാന്‍ അസാധ്യം.സ്വയം അഭിനേതാവായും കാണിയായും ചിലപ്പോള്‍ സംവിധായികയായും ഒക്കെ മാറിമാറി അരങ്ങിലെത്തുന്ന ഈ അസംബന്ധനാടകത്തിനിടെ മിന്നിമറയുന്ന ഭാവങ്ങളില്‍ സന്തോഷം കുറവുതന്നെ. കരയുമ്പോള്‍ കരച്ചിലായി മാറാനനുവദിക്കാത്ത, ചിരിക്കുമ്പോള്‍ ചിരിയായി മാറാനനുവദിക്കാത്ത, വിശക്കുമ്പോള്‍ വിശപ്പായി മാറാനനുവദിക്കാത്ത ഒരു വിനാശകരമായ നിഴല്‍ എപ്പോഴും കൂടെയുണ്ട്.ജീവിതം എന്നത് ഓര്‍മ്മകളാണ്.മറക്കാനാഗ്രഹിക്കുന്ന ഓര്‍മ്മകളും എത്ര ശ്രമിച്ചാലും പിന്നോട്ട് തിരിയാത്ത ഘടികാരവും ഒപ്പമുള്ളവര്‍ക്ക് ആഘോഷങ്ങൾ എന്നത് കലണ്ടറിലെ ചുവന്ന അക്കങ്ങളല്ലാതെ മറ്റെന്താണ്?
വലുതാവുമ്പോൾ എന്തായിത്തീരുമെന്ന് ഞാൻ ഒരുപാട് ആശങ്കപ്പെട്ടിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽമാത്രം സ്കൂളിൽ പോയിത്തുടങ്ങുകയും ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് തോറ്റുപോയ ഒരുപാട് മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെ- കാണുകയും ചെയ്ത എനിക്ക് പേടിയായിരുന്നു ജീവിതത്തെ.എന്റെ കുടുംബത്തിൽ അച്ഛന്റെ അകന്ന ബന്ധത്തിൽ‌പ്പെട്ട ഒരു അമ്മ ഉണ്ടായിരുന്നു.നന്നെ ചെറുപ്പത്തിൽ ഒരു പ്രേതാലയത്തിലേക്ക് വിവാഹം കഴിച്ച് അയയ്ക്കപ്പെട്ട സ്ത്രീ.ഞാൻ ചോപ്പമ്മ എന്നാണു അവരെ വിളിക്കാ‍റുള്ളത്.ഒരുപാട് മക്കളെ മുലയൂട്ടിയ,ഇടയ്ക്കൊക്കെ മക്കൾ മരിച്ച് മുലപ്പാൽ അനാഥമായി ഉറന്നൊഴുകാറുള്ള ,അവരുടെ തൂങ്ങിക്കിടക്കുന്ന ചുവന്ന മുലകളായിരുന്നു അങ്ങനെ വിളിക്കാൻ എനിക്ക് അബോധപ്രേരണയായത്. കുറെ വൃദ്ധന്മാരും, പ്രേതങ്ങളും, വൃദ്ധനും വാതരോഗിയുമായ ഭർത്താവും ഒക്കെയായി അവർ അ വീട്ടിൽ അഹോരാത്രം പണിയെടുത്തുകൊണ്ടിരുന്നു.ഞാൻ അവരുടെ ഇല്ലത്ത് ഒന്നുരണ്ടുതവണ പോയിട്ടുണ്ട്.അപ്പോഴൊക്കെ അവർ ഒരു വല്യ ആ‍ട്ടമ്മിയുടെ അരികത്തിരുന്ന് അരിയും ഉഴുന്നും ആട്ടിക്കൊണ്ടിരുന്നു.ഈ ചിത്രം എന്റെ ജീവിതത്തെയും ചിന്തകളെയും സ്വാധീനിച്ച ഒരു കേന്ദ്രരൂപകമായി മാറി.
അവരുടെ രൂപത്തിൽ ഞാൻ എന്നെ സങ്കല്പിക്കാൻ തുടങ്ങി.എപ്പോഴും അരിയും ഉഴുന്നും കൂമ്പാരം കൂട്ടി അരയ്ക്കുന്ന , ഒരിക്കലും നിർത്താതെ തിരിയുന്ന ഒരു വലിയ ആട്ടമ്മിയുടെ പിന്നിൽ ഞാൻ...തടിച്ച്,മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, കൺ തടങ്ങളിൽ കറുപ്പുപടർന്ന്,ഇരുട്ടുനിറഞ്ഞ ഒരു മൂലയിലിരുന്ന് അരിയരച്ചുകൊണ്ടേയിരുന്നു.കാതിൽ ചിറ്റിനു പകരം കമ്മലാണെന്നും,കോറയുടെ ഒരു ബ്ലൌസ് ഇട്ടിട്ടുണ്ടെന്നും, അതിനുമേലെ മുഷിഞ്ഞ മഞ്ഞളും അരിമാവും പുരണ്ട ഒരു വേഷ്ടി ചുളുക്കി അശ്രദ്ധമായി വാരി വലിച്ച് ഇട്ടിട്ടുണ്ടെന്നും ഉള്ള വ്യത്യാസം മാത്രം.മുന്നിൽ ഒരോ വർഷം വ്യത്യാസത്തിൽ അഞ്ചാറു കുട്ടികൾ കലപില കൂട്ടി തല്ലുകൂടിക്കൊണ്ടേയിരുന്നു.ഒന്നിന് ഗ്രഹണി പിടിച്ച് വയറുന്തിയിരുന്നു.മറ്റൊന്നിനു കോന്ത്രപ്പല്ല്.വെറൊന്നിനു ആറുവിരൽ.മറ്റൊരുകുട്ടി മൂക്കട്ടയൊലിപ്പിച്ച് അത് തുടയ്ക്കാതെ നടക്കുന്നു...അങ്ങനെ വർഷങ്ങൾ വളരെപ്പെട്ടെന്ന് ഇതേ ആട്ടമ്മിയ്ക്കരികിലൂടെ ഓടിപ്പോവുന്നു.ഞാ‍ൻ മുടി നരച്ച്,കുറെക്കൂടി തടിച്ച്, ദേഷ്യക്കാരിയായി, മക്കൾക്കും മറ്റുള്ളോർക്കും കണ്ടുകൂടാതാ‍യി അരിയരയ്ക്കൽ തുടരുന്നു.അങ്ങനെ , ഒരുനാൾ ,ആട്ടമ്മിയ്ക്കരികിൽ മരിച്ചുവീഴുന്നു.സ്നേഹം, സ്വാതന്ത്ര്യം തുടങ്ങിയ അനാവശ്യപദങ്ങളെക്കുറിച്ച് ഒരിക്കലും ഓർക്കുകയൊ, പറയുകയോ ചെയ്യാതെ...
ഈ ചിത്രം എന്നെ വല്ലാ‍തെ പേടിപ്പിച്ചു.ഞാൻ കേട്ട എതു പ്രേതകഥകളെക്കാളും എന്റെയീ ഭാവിചിത്രം എന്നെ വല്ലാതെ പേടിപ്പിച്ചു.അതിൽനിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ പരമ്പരയായി പിന്നെ.അതാണ് എന്റെ ജീവിതം പിന്നീട് നിർണ്ണയിച്ചത്.

Tuesday, July 07, 2009

സൈബര്‍ മലയാളം


മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രം, ഹൈപ്പര്‍ ടെക്സ്റ്റ് അഥവാ തിരമൊഴി, ബ്ലോഗ്, വിക്കിപീഡിയ, മലയാളത്തിലെ വെബ്ബ് സൈറ്റുകള്‍, കമ്പ്യൂട്ടര്‍ മലയാളത്തിലെ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒമ്പതു് ലേഖനങ്ങള്‍. ഡോ. മഹേഷ് മംഗലാട്ട്, പി.പി.രാമചന്ദ്രന്‍, കെ.അശോക്‌കുമാര്‍, അനിജ. ഇ.ജെ, ഡോ.പി.സോമനാഥന്‍, ടോം.ജെ.മങ്ങാട്ട്, ഷിജു അലക്സ്, രാജ് നീട്ടിയത്ത്, കെ.എച്ച്ഹുസ്സൈന്‍ എന്നിവരുടേതാണു് ലേഖനങ്ങള്‍.

സൈബര്‍ മലയാളം
എഡിറ്റര്‍: സുനീത.ടിവി
പ്രസാധനം: കറന്റ് ബുക്സ്, തൃശ്ശൂര്‍,
വിതരണം: കോസ്മോ ബുക്സ്, തൃശ്ശൂര്‍, കൊച്ചി, കോഴിക്കോട്.
115 പുറങ്ങള്‍
വില: 75 രൂപ




കേരളത്തില്‍ ജീവിക്കുമ്പോള്‍

Tuesday, January 13, 2009

സ്ത്രീകള്‍ മദ്യപിക്കുമ്പോള്‍...

എന്തു സംഭവിക്കും എന്നതിന് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തന്ന ഉത്തരം കൊള്ളാം.ഡ്യൂട്ടിയിലല്ലാതിരിക്കുമ്പോള്‍ മദ്യപിച്ചാല്‍ ഏത് വകുപ്പുപ്രകാരമാണാവോ കേസ് എടുക്കുക?എങ്കില്‍ മലയാളരാജ്യത്ത് മിക്കവാറും ആണുങ്ങള്‍ വീട്ടിലിരിക്കേണ്ടി വന്നേനെ.കൂടെ മദ്യപിച്ച മറ്റുള്ള ആണുങ്ങളെ -പോലീസുകാരെയും-എന്തേ ശിക്ഷിച്ചില്ല?സ്ത്രീയ്ക്ക് മദ്യപിച്ചാല്‍ പ്രത്യേകശിക്ഷ നല്‍കുന്ന വല്ല വകുപ്പുകളും ഏമാന്മാര്‍ കണ്ടുവെച്ചിട്ടുണ്ടെങ്കില്‍ ഒന്നറിയിച്ചാല്‍ വല്യ ഉപകാരമാവുമായിരുന്നു

Thursday, December 18, 2008

അവര്‍ ജീവിതത്തിന്റെ ഉത്സവത്തില്‍ പങ്കു ചേരട്ടെ

[ മക്കളെ സ്നേഹിക്കാന്‍ സമയം കണ്ടെത്തുന്ന, അവരോട് സുഹൃത്തുക്കളെന്നവണ്ണം സംസാരിക്കുന്ന, പക്വതയുള്ള മാതാപിതാക്കള്‍ എന്നോട് ക്ഷമിക്കുക. ഈ ലേഖനം നിങ്ങള്‍ക്കുള്ളതല്ല. നിങ്ങള്‍ക്ക് എന്റെ ക്യതജ്ഞതാഭരിതമായ നമസ്കാരം.]

എട്ടൊമ്പതുകൊല്ലം നീണ്ട ഒരു മാധ്യമപ്രവര്‍ത്തക ജന്മം കഴിഞ്ഞ്, അധ്യാപക ജന്മത്തിലേക്ക് പ്രവേശിച്ചപ്പോള്‍, ഒരുപാടു കൌതുകങ്ങളായിരുന്നു. വന്നെത്തിയ കേരളത്തിലെ ഏറ്റവും മനോഹരമായ കാമ്പസുകളിലൊന്നില്‍, നൂറേക്കറോളം വരുന്ന കുന്നിന്‍പുറത്ത്, ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ക്കിടയില്‍ - ഇവിടെ എങ്ങനെയായിരിക്കും ജീവിതം ജീവിക്കപ്പെടുന്നത്? ക്യാമ്പസിലെ ക്വാര്‍ട്ടേഴ്സില്‍ താമസം കൂടിയായപ്പോള്‍, പകല്‍ ഉത്സാഹത്തിമിര്‍പ്പിലാകുന്ന ഇടങ്ങളിലൂടെ, പല പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നടക്കുമ്പോള്‍ തോന്നാറുള്ള ഒരു ചോദ്യമുണ്ട്. എന്താണ് ഈ കാമ്പസിന്റെ സൌന്ദര്യം ഇത്ര വര്‍ദ്ധിപ്പിക്കുന്ന ഘടകം? ആല്‍മരച്ചോട്ടിലെ ബുദ്ധന്‍ സാക്ഷിയാവുന്ന ഉത്സവമാണത്. കൌതുകം നിറഞ്ഞ കണ്ണുകള്‍; ഉത്സാഹം നിറഞ്ഞ മുഖങ്ങള്‍; പരിഭവവും സ്നേഹവും പ്രണയവും പങ്കുവെയ്ക്കപ്പെടുന്ന നിമിഷങ്ങള്‍; ഇതിനിടയില്‍ വഴക്കുകള്‍, സമരങ്ങള്‍, അടിപിടികള്‍.. ഓരോ വര്‍ഷവും ഉണ്ടാകുന്ന പുതിയ താരോദയങ്ങള്‍; ക്ലാസ് മുറികളില്‍, പരീക്ഷാ ഹാളുകളില്‍, ലൈബ്രറികളില്‍ ഒക്കെ നിറഞ്ഞു കവിയുന്ന യൌവനത്തിന്റെ ചൈതന്യം....... അതെ ജീവിതത്തിന്റെ ഉത്സവമാണിത്.

ഇതിനിടയിലെയോ മാറിനില്‍ക്കുന്ന വിളറിയ മുഖങ്ങള്‍, ഉത്സാഹം വറ്റിയ കണ്ണുകള്‍ -- ഇവരെ ഈ ഉത്സവത്തില്‍ നിന്നും പറിച്ചുമാറ്റിയതാരാണ്? എന്താണ് നമ്മുടെ ക്യാമ്പസുകളിലെ കുട്ടികളനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം? പ്രണയമോ, പ്രണയരാഹിത്യമോ, അരാഷ്ട്രീയവല്‍ക്കരണമോ, ഉപഭോഗത്യഷ്ണയോ ഒക്കെയായിരിക്കാം എന്നാണ് മുന്‍ കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങള്‍.

പക്ഷെ അതിനുമപ്പുറത്ത്, പല സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നും ലഭിക്കുന്ന ഉത്തരങ്ങള്‍ അധികവും മറ്റു പ്രധാന പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു - കുടുംബ പ്രശ്നങ്ങള്‍. പരസ്പരം പോരടിക്കുന്ന, പരസ്പരം വെറുക്കുന്ന കുടുംബങ്ങളാണ് കുട്ടികളെ ഏറ്റവും വിഷമിപ്പിക്കുന്നത്. (അതിനു കാരണം സാമ്പത്തികമോ ലിംഗവിവേചനപരമോ സാമൂഹികമോ ഒക്കെയാവാം) അതില്‍ തന്നെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്കാണ്. അമ്മയെ മര്‍ദ്ദിക്കുന്ന, മദ്യപാനിയായ അച്ഛന്‍; ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടനുഭവിക്കുന്ന അമ്മയെ, അതിനു പരിഹാരം കാണാതെ, നിര്‍ബന്ധിത ലൈംഗിക വേഴ്ചക്ക് അച്ഛന്‍ വിധേയയാക്കുന്നത് തിരിച്ചറിയുന്ന മക്കള്‍; ദേഷ്യം നിയന്ത്രിക്കാനാവാതെ വീട്ടുസാധനങ്ങള്‍ വലിച്ചെറിയുകയും, വായില്‍ വരുന്നത് പരിസരം നോക്കാതെ വിളിച്ചുപറയുകയും ചെയ്യുന്ന രക്ഷിതാക്കള്‍, വീട്ടുചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന സാധുവായ അച്ഛനെ നിരന്തരം സംശയിച്ച് വഴക്കുണ്ടാക്കുന്ന അമ്മ, അനുദിനം പെരുകുന്ന കടം കാരണം ആത്മഹത്യക്കു തയ്യാറെടുക്കുന്ന കുടുംബം, അമ്മയെ വിട്ട് രഹസ്യബന്ധം സ്ഥാപിച്ച അച്ഛന്‍ ‍, കൂട്ടുകുടുംബങ്ങളിലെ വലിയ വഴക്കുകള്‍, മാനസികരോഗികളായ അച്ഛനോ അമ്മയോ, രക്ഷിതാക്കളിലൊരാള്‍ ആത്മഹത്യ ചെയ്ത കുടുംബങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഭയത്തിന്റെ നിഴലില്‍ കഴിയുന്നവര്‍...

ഇവിടെയൊക്കെ ആശ്രയമറ്റുപോകുന്ന പാവം കുട്ടികള്‍. അച്ഛനും അമ്മയും കുടുംബാംഗങ്ങളും സകലശക്തിയുമെടുത്ത് പോരാടുമ്പോള്‍, അതിനിടയില്‍ മറ്റെല്ലാം മറക്കുമ്പോള്‍, കുട്ടികള്‍ എങ്ങോട്ടാണ് പോവുക? ആരാണവര്‍ക്കൊരാശ്രയം നല്‍കുക? ജോലിയില്‍ നിന്നു വിരമിച്ച അമ്മക്ക് രഹസ്യക്കാരനുണ്ടെന്നു പറഞ്ഞ് അച്ഛന്‍ മര്‍ദ്ദിക്കുന്നത് കണ്ട് ഭയന്നു വിറച്ച്, പരീക്ഷകളില്‍ നിരന്തരം തോറ്റ്, ജീവിതത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറെടുക്കുന്ന കുട്ടി ഒരു കടംകഥയല്ല.

നമുക്ക് -- അച്ഛനമ്മമാര്‍ക്ക് -- എന്താണ് സംഭവിക്കുന്നത്? മക്കള്‍ക്ക് ജീവിക്കാനാവാത്ത അഗ്നിപര്‍വതങ്ങളാക്കി വീടുകളെ പരിവര്‍ത്തിപ്പിച്ചതില്‍ നാം ഉത്തരവാദികളല്ലെ? അവരോടൊന്നു സംസാരിക്കാന്‍ പറ്റാത്തവിധം, അവരുടെ ഉള്ളിലെന്താണെന്നു മനസിലാക്കാനാവാത്ത വിധം, നാം സ്വന്തം മക്കളില്‍ നിന്ന് അകന്നു പോയതെങ്ങനെ? നമ്മുടെ മക്കളായി ജനിച്ചുപോയി എന്ന കുറ്റത്തിന് ഇത്ര വലിയ ശിക്ഷ ഈ കുഞ്ഞുങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ?

ഈ ലേഖനം വായിക്കാനിടവരുന്ന അച്ഛനമ്മമാര്‍ -- പ്രത്യേകിച്ചും കൌമാരപ്രായക്കാരുടെ -- ഒരു കാര്യം ദയവു ചെയ്ത് മനസിലാക്കുക. നിങ്ങളുടെ കുട്ടികള്‍ നിങ്ങളെ വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളുടെ വലുതും ചെറുതുമായ പ്രവര്‍ത്തികള്‍ അവരെ വളരെ അധികം ബാധിക്കുന്നുണ്ട്. നിങ്ങള്‍ നല്‍കാതെ പോയ സ്നേഹവും പരിഗണനയും അവര്‍ എവിടെയൊക്കെയോ ചെന്നു യാചിക്കുന്നുണ്ട്. സഹായത്തിനായി ആരുടെയൊക്കെയോ നേരെ കൈ നീട്ടുന്നുണ്ട്. അത്തരം ശ്രമങ്ങള്‍, ചിലപ്പോഴെങ്കിലും അവരെ ദുരന്തത്തിലേക്ക് തള്ളിയിടുന്നുണ്ട്, മറ്റു ചിലപ്പോള്‍ ജീവിതം അവസാ‍നിപ്പിക്കാനുള്ള ശ്രമങ്ങളിലേക്കും.

കഥകള്‍ പറയുക വയ്യ. കണ്ണീരില്‍ കുതിര്‍ന്ന് വാക്കുകള്‍ കിട്ടാതെ അവര്‍ പറഞ്ഞ കഥകളിലെ മഹാസങ്കടങ്ങല്‍ ആവിഷ്കരിക്കാന്‍ എനിക്കു ഭാഷയില്ല. ജീവിക്കാനുള്ള കാരണങ്ങള്‍ തിരയുന്ന സാധുക്കളായ നമ്മുടെ മക്കള്‍!! ഇവരുടെ മുഖം ആദ്യമായി കണ്ടപ്പോള്‍, ആദ്യമായി ഇവര്‍ പിച്ചവെച്ചപ്പോള്‍ നാമനുഭവിച്ച ആനന്ദം ഓര്‍ത്തുനോക്കുക. അതേ കുട്ടികളാണിവര്‍. സ്നേഹസ്പര്‍ശനങ്ങള്‍ കൊതിക്കുന്ന നമ്മുടെ പോന്നോമന മക്കള്‍. അവരെ സ്വീകരിക്കുക, അവര്‍ക്കായി നാം നമ്മുടെ അര്‍ത്ഥമില്ലാത്ത വഴക്കുകള്‍ നിര്‍ത്തിവയ്ക്കുക. ഇനി, അതു സാധ്യമല്ലാത്തത്ര ഗൌരവതരമാണ് പ്രശ്നങ്ങള്‍ എങ്കില്‍, നിങ്ങള്‍ താല്‍ക്കാലികമായോ നിയമപരമായോ പിരിഞ്ഞു താമസിക്കുക. അപ്പോഴും, നിങ്ങളുടെ കുട്ടിയെ വന്നു അന്വേഷിക്കാനും നിങ്ങളുടെ പങ്ക് സ്നേഹലാളനങ്ങള്‍ അതിനു നല്‍കാനും, തങ്ങളുടെ തെറ്റുകള്‍ക്ക് കുട്ടികളെ ശിക്ഷിക്കാതിരിക്കാനുമുള്ള മാനസിക വലിപ്പം കാണിക്കുക. നാല്പതുകള്‍ പിന്നിട്ട നാം അതിനുള്ള പക്വത ആര്‍ജ്ജിച്ചില്ലെങ്കില്‍, പിന്നെ ജീവിതത്തില്‍ എന്നാണ് നാം മുതിരുക?

കുട്ടികള്‍ക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട, അമൂല്യ നിധികളായ അച്ഛനമ്മമാരായി നിങ്ങള്‍ നിങ്ങളെ തിരിച്ചു നല്‍കുക. നിങ്ങളുടെ മടിയില്‍ കിടന്ന് അവര്‍ മനസ്സു തുറക്കട്ടെ. പിന്നെ അവര്‍ ജീവിതത്തിന്റെ ഉത്സവത്തില്‍ പങ്കു ചേരട്ടെ............

http://www.nattupacha.com/content.php?id=127